സീനത്തിന്റെ സ്വപ്ന സാഫല്യം!
കാക്കനാട് ചിറ്റേത്തുകര തുണ്ടുപറമ്പില്‍ വീട്ടില്‍ പരേതനായ അബൂബക്കര്‍ നബീസ ദമ്പതികളുടെ മൂത്തമകളായ സീനത്തിന് കുട്ടിക്കാലം മുതല്‍ വായനയോട് താല്പര്യമുണ്ടായിരുന്നു. 1999 ല്‍ പത്താം ക്ലാസിലെ പരീക്ഷാസമയത്ത് സീനത്തിന് മഞ്ഞപ്പിത്തം ബാധിച്ച് പരീക്ഷയെഴുതാനായില്ല. തുടര്‍ന്ന് പഠിക്കണമെന്ന് മോഹം ഉണ്ടായെങ്കിലും വീട്ടിലെ സാഹചര്യം മോശമായിരുന്നു. നിറമുള്ള സ്വപ്നങ്ങളുമായിട്ടായിരുന്നു ആ പെണ്‍കുട്ടി ചെറിയ പ്രായത്തിലാണ് വിവാഹജീവിതത്തിലേക്ക് കടന്നത്. ഏറെ വൈകാതെ ഇരട്ട പെണ്‍കുട്ടികളുടെ അമ്മയായി. അതില്‍ ഒരു കുട്ടിക്ക് പൂര്‍ണ വളര്‍ച്ച എത്തിയിരുന്നില്ല.
തുടര്‍ന്നുള്ള ആറു മാസം കുഞ്ഞിനായി ഉറക്കമൊഴിച്ച് സീനത്ത് കാത്തിരുന്നു. ഏറെ വൈകാതെ താന്‍ പൊള്ളുന്ന ജീവിതാനുഭവത്തിലൂടെയാണ് കടന്നു പോകുന്നതെന്ന തിരിച്ചറിവ് സീനത്തിന്റെ വേദനകള്‍ക്ക് ആക്കം കൂട്ടി. അതിനുശേഷം മൂന്നാമത് ഒരു ആണ്‍കുട്ടി കൂടി ജനിച്ചു. ജീവിത പങ്കാളിയില്‍ നിന്നുണ്ടായ മാനസിക പീഡനം വളരെ വലുതായിരുന്നു. ജീവിത വഴിയില്‍ താങ്ങാകാന്‍ ആരുമില്ലെന്ന യാഥാര്‍ഥ്യത്തില്‍ അവര്‍ 24 വര്‍ഷം തന്റെ വേദനകള്‍ ആരെയും അറിയിക്കാതെ മക്കള്‍ക്കായി ജീവിച്ചു. മക്കളുടെ വിദ്യാഭ്യാസവും കുടുംബഭാരവും തന്റെ ചുമലിലേക്ക് വന്നതോടെ അവര്‍ ആദ്യം പകച്ചു നിന്നു.