കോവിഡ് 19 വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂണ്‍ ഒന്നിന് പുനരാരംഭിക്കും
കോവിഡ് 19 വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂണ്‍ ഒന്നിന് പുനരാരംഭിക്കാൻ തീരുമാനിച്ചു. വൈസ് ചാൻസലർ പ്രഫ. സാബു തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കറ്റ് യോഗത്തിലാണ് തീരുമാനം. ജൂണ്‍ ഒന്ന്, മൂന്ന്, അഞ്ച്, ആറ് ആറ് തീയതികളിലായി ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ പൂർത്തീകരിക്കും.
ലോക്ഡൗണ്‍ മൂലം മറ്റു ജില്ലകളിൽ അകപ്പെട്ട വിദ്യാർഥികൾക്ക് നിലവിൽ താമസിക്കുന്ന ജില്ലയിൽ പരീക്ഷയെഴുതുന്നതിന് രജിസ്ട്രേഷൻ പൂർത്തീകരിച്ചിരുന്നു. രജിസ്റ്റർ ചെയ്തവർക്ക് നിലവിൽ താമസിക്കുന്ന ജില്ലയിലെ പരീക്ഷകേന്ദ്രത്തിൽ പരീക്ഷയെഴുതാൻ സൗകര്യമൊരുക്കും. ജൂണ്‍ എട്ട്,ഒന്‍പത്, 10 തീയതികളിൽ പ്രാക്്ടിക്കൽ പരീക്ഷകൾ അതത് കോളജുകളിൽ നടക്കും. പ്രൊജക്്ട്, വൈവ എന്നിവ ഒരു ദിവസം കൊണ്ട് അതത് കേന്ദ്രങ്ങളിൽ പൂർത്തീകരിക്കും. ജൂണ്‍ 12ന് പ്രാക്്ടിക്കൽ പരീക്ഷകളുടെ മാർക്ക് സർവകലാശാലയ്ക്കു നൽകണം. കോവിഡ് 19 വ്യാപന സാഹചര്യത്തിൽ പ്രാക്്ടിക്കൽ പരീക്ഷകൾക്ക് ഇത്തവണ എക്സ്റ്റേണൽ എക്സാമിനർമാരെ നിയമിക്കില്ല. അതത് കോളജിലെ അധ്യാപകർക്കാണ് ചുമതല. ജൂണ്‍ 11 മുതൽ ഹോംവാല്യുവേഷൻ രീതിയിൽ മൂല്യനിർണയം ആരംഭിക്കും.
അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് ബിരുദ പരീക്ഷകൾ ജൂണ്‍ എട്ട്,ഒന്‍പത്,10,11,12 തീയതികളിലായി നടക്കും. രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂണ്‍ 15ന് ആരംഭിക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഈ വർഷം രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ മൂല്യനിർണയം അതതു കോളജുകളിൽ നടത്താൻ തീരുമാനിച്ചു. കോളജിലെ മുതിർന്ന അധ്യാപകനെ പരീക്ഷ ചീഫായി നിയോഗിക്കും. ജൂണ്‍ ഒന്നിന് പരീക്ഷ ആരംഭിക്കുന്നതിനാൽ കോളജുകൾ പരീക്ഷ നടത്തിപ്പിനാവശ്യമായ തയാറെടുപ്പുകൾ അടിയന്തരമായി നടത്തണമെന്ന് വൈസ് ചാൻസലർ അറിയിച്ചു. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ കർശനമായി പാലിച്ചാണ് പരീക്ഷ നടത്തുക. ഇതിനായി കോളജുകൾക്ക് നിർദേശം നൽകും.
സർവകലാശാല അന്തർസർവകലാശാല കേന്ദ്രങ്ങളുടെ പ്രവർത്തനം പഠിച്ച് റിപ്പോർട്ട് നൽകുന്നതിനായി വിദഗ്ധസമിതിയെ നിയോഗിക്കും. സർവകലാശാലയിൽ ഐടി. സെൽ തുടങ്ങും. വിദ്യാർഥി പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥികളിൽനിന്നോ രക്ഷകർത്താക്കളിൽനിന്നോ അനധികൃതമായി ധനസമാഹരണം പാടില്ലെന്ന ഉത്തരവുകളും വ്യവസ്ഥകളും ലംഘിച്ച കൊച്ചിൻ കോളജ് മാനേജരെ നീക്കം ചെയ്യാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച് നിയോഗിച്ച അന്വേഷണകമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രിൻസിപ്പൽമാരുമായി വീഡിയോ കോണ്‍ഫറൻസ്
പരീക്ഷ നടത്തിപ്പ് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സർവകലാശാലയ്ക്കു കീഴിലുള്ള കോളജ് പ്രിൻസിപ്പൽമാരുമായി വൈസ് ചാൻസലർ ഉടൻ വീഡിയോ കോണ്‍ഫറൻസ് നടത്തും. സർവകലാശാലയ്ക്കു കീഴിലുള്ള പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലെ കോളജ് പ്രിൻസിപ്പൽമാരുടെ വീഡിയോ കോണ്‍ഫറൻസ് ജില്ല തിരിച്ചാണ് നടക്കുക.
ബിവോക്കുകാർക്ക് താമസിക്കുന്ന ജില്ലയിൽ പരീക്ഷയെഴുതാം
ലോക്ഡൗണിൽ കുടുങ്ങി കോളജിലെ പരീക്ഷകേന്ദ്രത്തിൽ എത്താൻ കഴിയാത്ത ആറാം സെമസ്റ്റർ സപ്ലിമെന്ററി, ബിവോക് വിദ്യാർഥികൾക്ക് നിലവിൽ താമസിക്കുന്ന ജില്ലയിൽ പരീക്ഷയെഴുതുന്നതിനായി ഇന്നു വൈകുന്നേരം നാലുവരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. സർവകലാശാല വെബ്സൈറ്റിലെ (www.mgu.ac.in) എക്സാമിനേഷൻ രജിസ്ട്രേഷൻ ലിങ്കുവഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്ട്രേഷന് പിന്നീട് അവസരം ലഭിക്കില്ലെന്ന് പരീക്ഷ കണ്ട്രോളർ അറിയിച്ചു.